തിരുവനന്തപുരം : എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് തിരുവനന്തപുരത്ത് പ്രതിഷേധം ആളിക്കത്തുന്നു. ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യു.ഡി.എഫ് നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ വഴിയിലെ കോൺഗ്രസ് ഫ്ലെക്സുകൾ വലിച്ചുകീറി.
അതേസമയം, എകെജി സെൻററിൻ നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആരോപിച്ചു. കോൺഗ്രസാണ് ആക്രമണത്തിൻ പിന്നിലെന്ന് ആരോപണമുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവരും അവിടെയുണ്ടായിരുന്നു. എകെജി സെൻററിന് നേരെ ബോംബേറ് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്രവർത്തകർ പ്രകോപിതരാകരുതെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കരുതെന്നും ഇ പി ജയരാജൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
എകെജി സെൻററിന് നേരെയുണ്ടായ ആക്രമണം തീവ്രവാദ ആക്രമണമാണെന്ന് മന്ത്രി ആൻറണി രാജു. ദുഷ്ടശക്തികൾ മനഃപൂർവം നടത്തിയ ആക്രമണമാണിത്. സംസ്ഥാനത്തെ പൊതുവികസനം തടസ്സപ്പെടുത്താനും സമാധാനാന്തരീക്ഷം തകർക്കാനും ലക്ഷ്യമിട്ടാണിത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് പൊതുജനങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ആൻറണി രാജു പറഞ്ഞു.