ബഫർ സോൺ വിധിയിൽ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ. കേന്ദ്ര എംപവർ കമ്മിറ്റി വഴി കേന്ദ്രസർക്കാർ മുഖേന സുപ്രീം കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ പാതയിലൂടെ സഞ്ചരിച്ച് ഒരു പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു വനം മന്ത്രി പറഞ്ഞു. ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചത്.
“വിധിന്യായത്തിന് എതിരായി സുപ്രിംകോടതിയെ സമീപിക്കുക എന്നാണ് ഒരു വഴി. അത് ആലോചിച്ചപ്പോൾ അങ്ങനെ ഒരു വഴിയുണ്ട് എന്നാണ് ഇപ്പോഴത്തെ നിഗമനം. രണ്ടാമത്തെ വഴി ബഹുമാനപ്പെട്ട സുപ്രിംകോടതി തന്നെ നിർദ്ദേശിച്ചിട്ടുള്ള വഴിയാണ്. സുപ്രിംകോടതി പറഞ്ഞിട്ടുള്ളത് ഈ വിഷയവുമായി ബന്ധപ്പെട്ട് ആവലാതികൾ ഉള്ളവർക്ക്, വ്യക്തികളായാലും സംസ്ഥാന സർക്കാരുകളായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായാലും കേന്ദ്ര എംപവർ കമ്മറ്റി മുഖാന്തിരം കേന്ദ്ര സർക്കാരിലൂടെ സുപ്രിംകോടതിയെ സമീപിക്കാമെന്നാണ്. ഈ വഴി കോടതി തന്നെ കാണിച്ചുതന്നതിനാൽ ആ വഴിയിലൂടെ സഞ്ചരിച്ച് പരിഹാരം കാണാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു. ഇതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന കത്തുകൾ അയച്ചുകഴിഞ്ഞു.” മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ നടത്തുമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ എം.എം വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6 മുതൽ 6 വരെയാണ് ഹർത്താൽ.