തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ഉത്തരക്കടലാസുകൾ കാണാതായി. ബി.കോം ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ ഒരു കെട്ടാണ് കാണാതായത്. 2021 ഡിസംബറിലാണ് പരീക്ഷ നടന്നത്.
25ന് സർവകലാശാല ഫലം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ചില കോളേജുകളുടെ ഫലം ഇതുമൂലം തടഞ്ഞു. ഉത്തരക്കടലാസുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പരീക്ഷാവകുപ്പ് അറിയിച്ചു.
ബി.കോം പരീക്ഷയുടെ വിദൂര വിഭാഗത്തിന്റെ ഒന്നാം സെമസ്റ്റർ മൂല്യനിർണയം നടക്കുകയാണ്. ഉത്തരക്കടലാസുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് സിൻഡിക്കേറ്റ് പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ജി.റിജുലാൽ പറഞ്ഞു. നേരത്തെ രണ്ടാം സെമസ്റ്റർ പരീക്ഷയുടെ 83 ഉത്തരക്കടലാസുകളാണ് കാണാതായത്. പിന്നീട് ഇവർക്കായി പ്രത്യേക പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിക്കുകയായിരുന്നു.