Spread the love

ചെറുതോണി: കോളേജ് യൂണിഫോം ധരിച്ച് സ്കൂട്ടറിൽ അഞ്ച് പേർ ഒരുമിച്ച് യാത്ര ചെയ്യുന്ന വീഡിയോ വൈറലായതോടെ അധികൃതർ വാഹനമോടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്തു. അഞ്ച് പേരെയും അവരുടെ മാതാപിതാക്കളെയും ആർ.ടി.ഒ വിളിച്ചുവരുത്തി. ഉദ്യോഗസ്ഥർ കൗൺസിലിംഗും നടത്തി.

വെള്ളിയാഴ്ച മുരിക്കാശ്ശേരി ടൗണിലൂടെ ‘പറക്കുന്ന’ വിദ്യാർത്ഥികളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ ഇവർ അതേ കോളേജിലെ യൂണിഫോമിൽ അപകടകരമാംവിധം വാഹനമോടിക്കുകയായിരുന്നു.

ഇടുക്കി ആർ.ടി.ഒ ആർ.രമണൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സോണി ജോൺ, നെബു ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുരിക്കാശ്ശേരിയിലെത്തി അന്വേഷണം നടത്തി. ആർ.ടി.ഒ. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഓഫീസിലേക്ക് വിളിപ്പിച്ചു. ഇനിയൊരു കുറ്റവും ചെയ്യില്ലെന്ന് മാതാപിതാക്കൾക്ക് മുന്നിൽവെച്ച് ഇവരെകൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന വിദ്യാർത്ഥിയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.

By newsten