Spread the love

ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ തേനീച്ചകൾക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തി. പരാദജീവിയായ വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം കണ്ടെത്തിയതോടെയാണ് തേനീച്ചകളുടെ സഞ്ചാരം നിയന്ത്രിച്ചത്. തേനീച്ചകളെയോ തേനീച്ചക്കൂടുകളോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് നിരോധിച്ചിരിക്കുന്നത്.

വറോവയെന്ന ചെള്ളുകളെ ഓസ്‌ട്രേലിയ തുടച്ചുനീക്കിയിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച സിഡ്നിക്ക് സമീപം അവരുടെ സാന്നിധ്യം വീണ്ടും കണ്ടെത്തി. 100 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ വരെ അവർ എത്തിയിട്ടുണ്ടെന്ന് വ്യക്തമായി. വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം ലോകമെമ്പാടുമുള്ള തേനീച്ച വളർത്തലിന് ഏറ്റവും വലിയ വെല്ലുവിളിയാണ്. ഓസ്ട്രേലിയയിൽ ഇവയെ വീണ്ടും കണ്ടെത്തിയതോടെ തേനീച്ച കർഷകർ ആശങ്കയിലാണ്.

ലക്ഷക്കണക്കിന് തേനീച്ചകളെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. അവരിൽ പലരെയും കൊല്ലേണ്ടിയും വരും. ചെള്ളുകള്‍ തേനീച്ചകള്‍ക്ക് മേല്‍ കയറിക്കൂടുകയും നീരൂറ്റിക്കുടിച്ച് നശിപ്പിക്കുകയുമാണ് ചെയ്യുക. വ്യാപകമായ ആക്രമണമുണ്ടായാൽ തേനീച്ചകളുടെ കോളനി തുടച്ചുനീക്കപ്പെടും. അതേസമയം, തേനീച്ചകളെ പുറത്തുവിടാത്തപ്പോൾ പരാഗണം തടയുന്നതും പഴങ്ങളുടെ ഉൽപാദനത്തെ ബാധിക്കും.

By newsten