മുംബൈ: കർണാടകയിലും പുതുച്ചേരിയിലും പച്ചക്കൊടി കാട്ടിയ ‘ഓപ്പറേഷൻ താമര’ എന്ന ബി.ജെ.പി നാടകം മഹാരാഷ്ട്രയിലും വിജയിച്ചു. ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ച് 2019 ൽ അധികാരത്തിൽ വന്ന ഉദ്ധവ് താക്കറെ സർക്കാർ രണ്ടര വർഷത്തിന് ശേഷമാണ് ബി.ജെ.പിയുടെ മറ്റൊരു രാഷ്ട്രീയ നാടകം കാരണം പുറത്തുപോകുന്നത്.
288 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് ഭീഷണിയില്ലെന്ന് വിശ്വസിച്ച ശിവസേനയുടെ കണക്കുകൂട്ടൽ തെറ്റിച്ചാണ് ഏക്നാഥ് ഷിൻഡെയെ ഉപയോഗിച്ച് മഹാരാഷ്ട്രയിൽ ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ വിജയിച്ചത്.
സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 169 എം.എൽ.എമാരുടെ പിന്തുണയോടെ അധികാരത്തിലെത്തിയ ഉദ്ദവ് സർക്കാരിന്റ അംഗബലം വിമത നീക്കത്തോടെ 111 ആയി താഴ്ന്നിരുന്നു. കേവലഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് വേണ്ടത്. സ്വതന്ത്രരടക്കം 50 പേരാണ് വിമതപക്ഷത്ത്.