Spread the love

തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ മിന്നൽ പരിശോധന നടത്തിയ ഫിഷറീസ് മന്ത്രി സജി ചെറിയാനെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് വികാസ് ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ മന്ത്രി മിന്നൽ പരിശോധന നടത്തിയത്. മന്ത്രി എത്തുമ്പോൾ പതിനേഴ് ജീവനക്കാർ ഓഫീസിൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഓഫീസ് സമയം കഴിഞ്ഞിട്ടും ഇരിക്കാത്ത ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദ്ദേശം നൽകി.

അച്ചടക്കരാഹിത്യം വച്ചുപൊറുപ്പിക്കില്ലെന്നും ജീവനക്കാരിൽ സർക്കാരിനുള്ള വിശ്വാസം മുതലെടുത്ത് അലംഭാവം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫയൽ ഡിസ്പോസൽ ഡ്രൈവ് കൂടുതൽ ഊർജ്ജസ്വലമാക്കണം. അപകട ഇൻഷുറൻസുമായി ബന്ധപ്പെട്ട ഫയലുകൾ അതീവ പ്രാധാന്യത്തോടെ തീർപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ വകുപ്പിന് കീഴിലുള്ള മറ്റ് ഓഫീസുകളിൽ പരിശോധന കർശനമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

By newsten