ബാങ്കോക്ക്: സുവർണഭൂമി വിമാനത്താവളത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ നൂറിലധികം ജീവികളുമായി രണ്ട് ഇന്ത്യൻ സ്ത്രീകളെ അറസ്റ്റ് ചെയ്തതായി തായ്ലൻഡ് അധികൃതർ അറിയിച്ചു. 109 മൃഗങ്ങളെയാണ് ഇവർ ലഗേജിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത്.
എക്സ്-റേ പരിശോധനയിൽ രണ്ട് സ്യൂട്ട്കേസുകളിലായി മൃഗങ്ങളെ കടത്തിയതായി കണ്ടെത്തിയതായി തായ്ലൻഡ് വനം വൻയജീവി വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. രണ്ട് വെളുത്ത മുള്ളൻപന്നികൾ, രണ്ട് മുള്ളൻപന്നികൾ, 35 ആമകൾ, 50 പല്ലികൾ, 20 പാമ്പുകൾ എന്നിവ പെട്ടികളിൽ നിന്ന് കണ്ടെത്തി.
ചെന്നൈയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ നിത്യ രാജ, സാക്കിയ സുൽത്താന ഇബ്രാഹിം എന്നിവരുടേതാണ് ഈ സ്യൂട്ട്കേസുകൾ. ഇരുവരേയും അറസ്റ്റ് ചെയ്തതായും വന്യജീവി സംരക്ഷണ നിയമപ്രകാരവും കസ്റ്റംസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായും അധികൃതർ അറിയിച്ചു.