കണ്ണൂർ : വാഹനാപകടത്തിൽ മരിച്ചയാൾക്കെതിരെ കണ്ണൂർ മയ്യിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ച സംഭവത്തിലാണ് പരേതനെതിരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയത്. മരിച്ചയാളുടെ പേരിൽ പിഴയടയ്ക്കാൻ കുടുംബാംഗങ്ങൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
മാർച്ച് എട്ടിനാണ് കണ്ണൂർ കൊളച്ചേരി സ്വദേശി സി ഒ ഭാസ്കരൻ അപകടത്തിൽ മരിച്ചത്. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നിന്നാണ് മരിച്ച ഭാസ്കരന്റെ ബന്ധുക്കൾക്ക് കത്ത് ലഭിച്ചത്. കത്തിൽ ഇങ്ങനെ പറയുന്നു, “നിങ്ങൾ പ്രതിയായ കേസ് വിചാരണയ്ക്ക് വെച്ചിരിക്കുകയാണ്. നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴയടയ്ക്കണം.” ഈ കത്ത് ലഭിച്ചതിന് ശേഷമാണ് കുടുംബാംഗങ്ങൾ കേസിന്റെ വിശദാംശങ്ങൾ അറിയുന്നത്.
അശ്രദ്ധയിലും ജാഗ്രത ഇല്ലാതെയും വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയതിന് ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) സെക്ഷൻ 279 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് ഇയാൾ ചെയ്തതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇത് തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്, ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തുകയും ഇതോടെ തുലാസിലായി.