അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബിയിൽ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. പ്രധാനമന്ത്രി മോദി ഷെയ്ഖ് നഹ്യാനെ ആലിംഗനം ചെയ്തു. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമാണിത്.
യുഎഇ പ്രസിഡന്റ് ആയിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിൽ നേരിട്ട് അനുശോചനം രേഖപ്പെടുത്തുന്നതിനും പുതിയ പ്രസിഡന്റിനെ അഭിനന്ദിക്കുന്നതിനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം. ജർമ്മനിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയിലെത്തിയത്. ഇന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി യുഎഇയിലെ മറ്റ് പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല.
നേരത്തെ 2015, 2018, 2019 വർഷങ്ങളിൽ മോദി യുഎഇ സന്ദർശിച്ചിരുന്നു. യുഎഇ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ സ്വീകരിക്കാൻ അദ്ദേഹം നേരത്തെ യുഎഇ സന്ദർശിച്ചിരുന്നു.