മോസ്കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 യുഎസ് പൗരൻമാർക്ക് റഷ്യ വിലക്കേർപ്പെടുത്തി. ഇവരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. തങ്ങളുടെ രാഷ്ട്രീയ, പൊതു വ്യക്തികൾക്കെതിരെ യുഎസ് ഉപരോധം തുടരുന്നതിനാൽ യുഎസ് പ്രസിഡന്റിനെയും മറ്റുള്ളവരെയും സ്റ്റോപ്പ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി റഷ്യ അറിയിച്ചു. ഇവരെ കൂടാതെ നിരവധി യുഎസ് സെനറ്റർമാർ, സർവകലാശാല പ്രൊഫസർമാർ, ഗവേഷകർ, മുൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും സ്റ്റോപ്പ് ലിസ്റ്റിലുണ്ട്. അതേസമയം, ഉക്രൈനിലെ ക്രെമൻചുക് നഗരത്തിലെ ഷോപ്പിംഗ് മാളിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 60 ഓളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,000 ത്തോളം ആളുകൾ മാളിൽ ഉണ്ടായിരുന്ന സമയത്താണ് റഷ്യൻ മിസൈൽ മാളിൽ പതിച്ചതെന്ന് ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു.