Spread the love

കോട്ടയം: കോട്ടയത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. മുണ്ടക്കയം ടിആർ ആന്റ് ടി എസ്റ്റേറ്റിലെ വളർത്തുമൃഗങ്ങളെ അജ്ഞാത ജീവി വീണ്ടും ആക്രമിച്ചു. കഴിഞ്ഞ ദിവസം കൂട്ടിൽ കെട്ടിയിട്ട പശുക്കിടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൂച്ചപ്പുലിയാണ് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

പെരുവന്താനം പഞ്ചായത്തിലെ ടിആർ ആന്റ് ടി കമ്പനി എസ്റ്റേറ്റിലെ ഇ.ഡി.കെ വിഭാഗത്തിലാണ് പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഇതേ സ്ഥലത്ത് കെട്ടിയിട്ട മറ്റൊരു കാളക്കുട്ടിയെയും അജ്ഞാത ജീവി പിടികൂടിയിരുന്നു. പുലിയാണ് മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പുലിയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരുമ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി ഇതുവരെ കുടുങ്ങിയിട്ടില്ല. വിവിധ പ്രദേശങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ല.

കുപ്പക്കയം ഡിവിഷനിൽ മൂന്ന് മാസം മുമ്പ് പുലിയെ കണ്ടതെന്ന് പറയപ്പെടുന്നു. കുപ്പക്കയത്തെ എസ്റ്റേറ്റ് ജീവനക്കാരന്റെ ക്വാർട്ടേഴ്സിൽ വളർത്തുനായയെ പിടിക്കാൻ പുലി വരുന്നത് ജീവനക്കാരൻ നേരിട്ട് കണ്ടിരുന്നു. പിന്നീട് ഇ.ഡി.കെയിലും ചേന്നപ്പാറയിലും പുലിയെ കണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ കെണിയൊരുക്കി. എന്നാൽ നിലവിൽ പശുക്കളെ ആക്രമിക്കുന്നത് പുലിയല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പുലിയാണ് ആക്രമിച്ചിരുന്നതെങ്കിൽ പശുവിന്റെ മാംസത്തിന്റെ കൂടുതൽ ഭാഗങ്ങൾ തിന്നുമായിരുന്നുവെന്നും ഇത് പൂച്ചപ്പുലിയാകാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

By newsten