ലണ്ടന്‍: ഇന്ധന, ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. തൊഴിലവസരങ്ങളും വരുമാനവും കുറയുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. ഈയാഴ്ചമാത്രം സമരവേദിയായ രാജ്യങ്ങളുടെ പട്ടിക പാകിസ്താന്‍, സിംബാബ്വേ, ബെല്‍ജിയം, ബ്രിട്ടന്‍, എക്വഡോര്‍, പെറു എന്നിങ്ങനെ നീളും. ഉക്രൈനിലെ റഷ്യൻ അധിനിവേശം കോവിഡ്-19ന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങൾക്ക് കനത്ത പ്രഹരമാണ് നൽകിയത്. ദാരിദ്ര്യവും അസമത്വവും ലോകമെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
1989ന് ശേഷമുള്ള ഏറ്റവും വലിയ റെയിൽ സമരത്തിനാണ് ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. വിലക്കയറ്റം കണക്കിലെടുത്ത് വേതനം വർധിപ്പിക്കണമെന്ന് നാഷണൽ യൂണിയൻ ഓഫ് റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (ആർഎംടി) ആവശ്യപ്പെട്ടു.
ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ തദ്ദേശീയരുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അക്രമാസക്തമായി. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെയുള്ള പ്രതിഷേധങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. അഞ്ച് പേർ കൊല്ലപ്പെട്ടു. ഇന്ധനവില കുറയ്ക്കുക, ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തുക, വളങ്ങൾക്ക് സബ്സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. സമരം രൂക്ഷമായതോടെ ഇന്ധനവില കുറയ്ക്കുമെന്ന് പ്രസിഡന്റ് ഗില്ലെർമോ ലാസോ പ്രഖ്യാപിച്ചു.