Spread the love

കൽപറ്റ: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അക്രമത്തിൽ പൊലീസിന് ജാഗ്രതക്കുറവുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണ സംഘമാണ് എസ്.എഫ്.ഐ മാർച്ചിന് മതിയായ സുരക്ഷയൊരുക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്. പൊലീസിനെ മറികടന്ന് പ്രവർത്തകർ അകത്തുകയറിയ ശേഷവും നടപടി സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടായി.

മനോജ് എബ്രഹാം വയനാട്ടിൽ ക്യാമ്പ് ചെയ്ത് അന്വേഷണം ഏകോപിപ്പിക്കുകയാണ്. വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. എം.പിയുടെ ഓഫീസിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന കൽപ്പറ്റ ഡി.വൈ.എസ്.പി സുനിൽ കുമാറിനെയാണ് പൊലീസ് വീഴ്ച വരുത്തിയെന്ന പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ചിന്റെയും ഇന്റലിജൻസിന്റെയും ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. ആക്രമണത്തിൽ ഗാന്ധിജിയുടെ ഛായാചിത്രം തകർത്തതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

By newsten