അങ്കമാലി: കൊച്ചി മെട്രോ സ്റ്റേഷനുകളിൽ സേവനങ്ങൾക്കും മറ്റുമായി റോബോട്ടുകളും ഉണ്ടാകും. അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളേജാണ് റോബോട്ടുകളെ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഷനിലാകും സ്ഥാപിക്കുക. ഇതിനായി കെ.എം.ആര്.എലും ഫിസാറ്റും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്.
മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ റോബോട്ട് സ്വാഗതം ചെയ്യും. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന സംശയവും ദുരീകരിക്കാനാകും റോബോട്ടുകളെ ആദ്യം നിയോഗിക്കുക. സ്റ്റേഷനിലെത്തുന്നവർ ആവശ്യപ്പെട്ടാല്‍ പാട്ടു പാടാനും അവർക്കൊപ്പം ഡാൻസ് കളിക്കാനും ഈ റോബോട്ടുകൾക്കാവും.
രണ്ടാമത്തെ ഘട്ടത്തിൽ ടിക്കറ്റ് വിതരണം ഉൾപ്പെടെ റോബോട്ടുകളെ ഏൽപ്പിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. ഓഗസ്റ്റ് അവസാനത്തോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കും. റോബോട്ടുകളുടെ പ്രവർത്തനം മികച്ചതാണെങ്കിൽ എല്ലാ സ്റ്റേഷനുകളിലും റോബോട്ടുകളെ സ്ഥാപിക്കാനാണ് തീരുമാനം.