ഡൽഹി: പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയ റോക്കട്രി ദി നമ്പി ഇഫക്റ്റിന്റെ പ്രത്യേക പ്രദർശനം നടത്തി. ഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നടൻ ആർ മാധവൻറെ നേതൃത്വത്തിലായിരുന്നു പ്രദർശനം.
മുൻ സിബിഐ ഡയറക്ടർ ഡി.ആർ കാർത്തികേയൻ, മുൻ സിബിഐ ഐജി പി.എം നായർ, കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ, സിനിമാ രംഗത്തെ പ്രമുഖർ എന്നിവരും പ്രദർശനത്തിനെത്തിയിരുന്നു. ചിത്രം പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ നേട്ടങ്ങൾക്കായി ജീവിതം സമർപ്പിച്ച നമ്പി നാരായണൻ ഉൾപ്പെടെ ആയിരക്കണക്കിന് ശാസ്ത്രജ്ഞർക്കായി ചിത്രം സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1994 ൽ ചാരവൃത്തി ആരോപണ വിധേയനായ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായ നമ്പി നാരായണൻറെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ പ്രദർശിപ്പിച്ചു. ആറിലധികം രാജ്യങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ചിത്രത്തിൻറെ ഡബ്ബ് ചെയ്ത പതിപ്പുകൾ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം 2022 ജൂലൈ 1 ന് റിലീസ് ചെയ്യും.