ന്യൂയോര്‍ക്ക്: ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ തൊഴിലാളി സൗഹൃദ നീക്കവുമായി ടെക്നോളജി ഭീമനായ ഗൂഗിൾ. ഗർഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ സ്ഥലംമാറാൻ അനുവദിക്കുന്ന നിർദ്ദേശമാണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലെ ഗൂഗിൾ ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭച്ഛിദ്രം നിയമവിധേയമായ ഒരു സംസ്ഥാനത്തേക്ക് അവരുടെ താമസവും ജോലിയും മാറ്റാനുള്ള അനുമതിയാണ് നൽകിയത്. ഗൂഗിൾ ചീഫ് പീപ്പിൾ ഓഫീസർ ഫിയോണ സിക്കോണിയാണ് ഗൂഗിൾ ജീവനക്കാർക്ക് ഇത് സംബന്ധിച്ച മെമോ നൽകിയത്. ഗൂഗിളിന്റെ ഒരു ജീവനക്കാരൻ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സംസ്ഥാനത്ത് ഒരു മെഡിക്കൽ പ്രോസീജിയര്‍ ലഭ്യമല്ലെങ്കിൽ, അത് ലഭിക്കുന്ന സംസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ ഗൂഗിളിന്റെ അമേരിക്കയിലെ ബെനിഫിറ്റ് പ്ലാനും ഹെല്‍ത്ത് ഇന്‍ഷുറന്‍സും കവര്‍ ചെയ്യുന്നുണ്ട് എന്ന് മെമ്മോയിൽ പറയുന്നു.