Spread the love

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പ്രതിപക്ഷ ബെഞ്ചിലെ മറ്റ് പ്രമുഖ നേതാക്കളും നാമനിർദ്ദേശ പത്രികാ സമർപ്പണത്തിൽ പങ്കെടുത്തു.

സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ആർഎൽഡിയുടെ ജയന്ത് സിൻഹ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, തെലങ്കാന മന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാവുമായ കെടി രാമറാവു എന്നിവരും യശ്വന്ത് സിൻഹയെ പാർലമെന്റ് മന്ദിരത്തിലേക്ക് അനുഗമിച്ചു.

ജൂൺ 28 മുതൽ സിൻഹ പ്രചാരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭൂരിഭാഗം സംസ്ഥാന തലസ്ഥാനങ്ങളിലും എത്തുമെന്ന് സിൻഹ അറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലാണ് ആദ്യ കാമ്പയിൻ നടക്കുക. ചെന്നൈയിൽ നിന്ന് ആരംഭിക്കുന്ന കാമ്പയിൻ കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിച്ച ശേഷം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിക്കും.

By newsten