ന്യൂദൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിന് കീഴിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് ഇതുവരെ 56,960 അപേക്ഷകൾ ലഭിച്ചു. ഇന്ത്യൻ വ്യോമസേന റിക്രൂട്ട്മെന്റ് 2022 ജൂൺ 24നാണ് ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയും പേർ അപേക്ഷ സമർപ്പിച്ചത്. 46000 പേരെയാണ് ഈ വർഷം നിയമിക്കുന്നത്.
പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോഴും രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജൂൺ 14ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കര, നാവിക, വ്യോമ സേനാ മേധാവികളും ചേർന്നാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. യുവാക്കളെ നാലു വർഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കാനാണ് പദ്ധതി. നാലു വർഷത്തിനു ശേഷം, 75 ശതമാനം പേരെ തിരികെ അയയ്ക്കുകയും 25 ശതമാനം പേരെ അടുത്ത 15 വർഷത്തേക്ക് നിലനിർത്തുകയും ചെയ്യും. തിരിച്ചയക്കുന്നവർക്ക് 11.71 ലക്ഷം രൂപയുടെ പാക്കേജ് ലഭിക്കും. 17.5 നും 21 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്നതായിരുന്നു ആദ്യ നിബന്ധന.