കൊച്ചി: നടൻ ഷമ്മി തിലകനെ അമ്മയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടൻ സിദ്ദിഖ്. ഷമ്മി ഇപ്പോഴും അസോസിയേഷനിലെ അംഗമാണ്. അദ്ദേഹത്തെ പുറത്താക്കാൻ ജനറൽ ബോഡിക്ക് അഭിപ്രായമില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അതിനുള്ള അധികാരമുണ്ട്. ഷമ്മിക്കെതിരെ നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെയും മറ്റ് വാർത്താ ചാനലുകളിലൂടെയും സംഘടനയ്ക്കെതിരെ അദ്ദേഹം ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നും പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് അമ്മയിലെ അംഗങ്ങൾക്കുള്ളത്. കഴിഞ്ഞ ജനറൽ ബോഡിയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഇന്നത്തെ പൊതുയോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്നും നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും സിദ്ദിഖ് പറഞ്ഞു.
അദ്ദേഹത്തെ വിളിച്ച് വിശദീകരണം ചോദിക്കും. അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ നടപടിയുണ്ടാകും. ഷമ്മി തിലകനെ സമിതിയിൽ നിന്ന് മാറ്റണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതേസമയം, വിജയ് ബാബു വിഷയത്തിൽ അമ്മയുടെ പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവച്ചവരുടെ രാജി സ്വീകരിച്ചതായി ഇടവേള ബാബു അറിയിച്ചു.