കോട്ടയം: കോൺഗ്രസുകാർ ഒരിക്കലും ഗാന്ധിജിയുടെ ചിത്രം തൊടുക പോലും ചെയ്യില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസുകാർ ഗാന്ധിജിയെ ഹൃദയത്തിൽ ആരാധിക്കുന്നവരാണ്. കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് ഗാന്ധിയുടെ ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രസ്താവന.
ഗാന്ധിജിയുടെ ഛായാചിത്രം കോൺഗ്രസുകാർ നശിപ്പിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം.
കോട്ടയം നഗരത്തിൽ നടന്ന സംഭവങ്ങളിൽ പൊലീസ് ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. അക്രമത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് ആദ്യം കേസെടുത്തിരുന്നു. കോട്ടയത്ത് ശനിയാഴ്ച ഒരു പോലീസ് ഉദ്യോഗസ്ഥനും ആക്രമിക്കപ്പെട്ടിട്ടില്ല. ബാരിക്കേഡ് ശരിയായി കെട്ടാത്തതിനാൽ അത് മറിഞ്ഞ് വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഇതിൻറെ പേരിലാണ് കോണ്ഗ്രസ് നേതാക്കളെ പോലീസ് ആക്രമിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.