അസം : അസമിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 118 ആയി. തുടർച്ചയായ ആറാം ദിവസവും കച്ചാർ ജില്ലയിലെ സിൽച്ചാർ പട്ടണം വെള്ളക്കെട്ടിലാണ്. അതേസമയം, 28 ജില്ലകളിലായി 45.34 ലക്ഷം പേരെ പ്രളയം ബാധിച്ചെങ്കിലും ഇപ്പോൾ അത് 33.08 ലക്ഷമായി കുറഞ്ഞു. ധുബ്‌രി മേഖലയിലെ ബ്രഹ്മപുത്രയുടെ ജലനിരപ്പും ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
കുടിവെള്ളം, ഭക്ഷണം തുടങ്ങിയ അവശ്യസാധനങ്ങൾ വ്യോമസേനയുടെ സഹായത്തോടെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. സ്ഥിതി മെച്ചപ്പെടുന്നത് വരെ ഇത് തുടരുമെന്ന് അധികൃതർ പറയുന്നു. സിൽച്ചാറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ തിരിച്ചറിയാൻ രണ്ട് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. കച്ചാർ ജില്ലാ ഭരണകൂടം സിൽച്ചാറിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
ഇറ്റാനഗർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള 207 പേരടങ്ങുന്ന എട്ട് എൻഡിആർഎഫ് ടീമുകളെ ആര്‍മിയോടൊപ്പം വിന്യസിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി സിൽച്ചാറിലെ ദിമാപൂരിൽ നിന്ന് ഒമ്പത് ബോട്ടുകളുണ്ട്. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിയന്തര വസ്തുക്കളില്ലാതെ മൂന്ന് ലക്ഷം പേർ ദുരിതത്തിലാണ്. 3,150 ഗ്രാമങ്ങളെ ഇതിനകം പ്രളയം ബാധിച്ചിട്ടുണ്ട്. 2,65,788 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 312 വീടുകളാണ് പ്രളയത്തിൽ തകർന്നത്.