തിരുവനന്തപുരം: പ്രതിഷേധത്തിനിടെ വിദ്വേഷമുദ്രാവാക്യം വിളിക്കാനും കല്ലെറിയുന്നതിനും കുട്ടികളെ ആസൂത്രിതമായി ഉപയോഗിക്കുന്നുവെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. വിവിധ സംസ്ഥാനങ്ങളിലെ ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ചില സംഘടനകളുടെ ഏകോപനമുണ്ടെന്ന് സംശയിക്കുന്നതായി കമ്മിഷൻ ചെയർമാൻ വിശദീകരിച്ചു. സംഭവത്തിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തെ തുടർന്നാണ് കമ്മീഷൻ ഈ വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചത്. മുൻ ബി.ജെ.പി നേതാക്കൾ നടത്തിയ പ്രവാചക വിരുദ്ധ പരാമർശങ്ങൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നും പല പ്രതിഷേധങ്ങളും സംഘർഷത്തിൽ കലാശിച്ചെന്നും കമ്മീഷൻ കണ്ടെത്തി. കുട്ടികൾ ഉൾപ്പെടുന്ന ഇത്തരം പ്രതിഷേധങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കമ്മിഷന് സംശയമുണ്ട്.
ആലപ്പുഴയിൽ നടന്ന റാലിയിൽ പൊലീസ് സ്വീകരിച്ച നടപടിയിൽ കമ്മിഷൻ തൃപ്തരാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ ചെയർമാൻ പറഞ്ഞു.