തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെ സ്വാധീനവും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതും കാരണം കേരളത്തിൽ മഴയ്ക്കുള്ള സാധ്യത ശക്തമാണ്.
അതേസമയം, മത്സ്യത്തൊഴിലാളികൾ വരും ദിവസങ്ങളിൽ കേരള-കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ജൂൺ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.