ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്സഭയിലെ 3 സീറ്റുകളിലേക്കും വിവിധ നിയമസഭകളിലേക്കുള്ള 7 സീറ്റുകളിലേക്കുമുള്ള വോട്ടെണ്ണൽ ഇന്ന് നടക്കും. ഡൽഹിയിലെ രാജേന്ദർ നഗർ ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജൂൺ 23നാണ് വോട്ടെടുപ്പ് നടന്നത്.
അഖിലേഷ് യാദവും മുഹമ്മദ് അസം ഖാനും യു.പിയിൽ നിയമസഭാംഗങ്ങളായതിന് ശേഷം ഒഴിവുവന്ന അസംഗഡ്, റാംപൂർ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ബി.ജെ.പിയും എസ്.പിയും തമ്മിലുള്ള പോരാട്ടമാണ്. സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ അസംഗഡിൽ മുലായം കുടുംബത്തിൽ നിന്നുള്ള മുൻ എംപി ധർമേന്ദ്ര യാദവാണ് എസ്പി സ്ഥാനാർത്ഥി. ഭോജ്പുരി നടൻ ദിനേശ് ലാൽ യാദവാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത്. ഷാ ആലമിനെ രംഗത്തിറക്കി ബിഎസ്പിയും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. റാംപുരിൽ എസ്പിയുടെ അസിം രാജയും ബിജെപിയുടെ ഗണശ്യാം ലോധിയും തമ്മിലാണ് മത്സരം
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ എംപി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സങ്രൂരിൽ ആം ആദ്മി പാർട്ടിക്ക് അഭിമാന പോരാട്ടമാണ് നടക്കുന്നത്. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് ഗുർമെയിൽ സിംഗും കോൺഗ്രസിന് വേണ്ടി മുൻ എംഎൽഎ ദൽവീർ സിംഗ് ഗോൾഡിയും മത്സരരംഗത്തുണ്ട്. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാലയുടെ കൊലപാതകം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇവിടെ ചർച്ചയാകുന്നത്.