ഗുവാഹത്തി: സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ശിവസേന എംഎൽഎമാരെ സ്വാഗതം ചെയ്യുന്നതിൽ ഭരണകൂടം കൂട്ടുനിന്നെന്ന ആരോപണം തെറ്റാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിക്കാൻ വിമതരെ സഹായിച്ചെന്ന ആരോപണം സത്യമെല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“ശിവസേന എംഎൽഎമാർ ഇവിടെ വന്നതിൽ സന്തോഷമുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്തെ പ്രളയം ദേശീയ തലക്കെട്ടുകളിൽ ഇടം നേടിയത്. നാളെ കോൺഗ്രസിൽ നിന്ന് ആരെങ്കിലും വന്നാൽ അവരെയും സ്വാഗതം ചെയ്യും. ഗുവാഹത്തിയിൽ സർക്കാരിന് 200 ഹോട്ടലുകളുണ്ട്. എല്ലായിടത്തും അതിഥികളുണ്ട്. വെള്ളപ്പൊക്കം ചൂണ്ടിക്കാട്ടി അതിഥികളെ ഒഴിപ്പിക്കേണ്ടതുണ്ടോ? മഹാരാഷ്ട്രയിലെ വിമത എം.എൽ.എമാർക്ക് സംസ്ഥാനത്തെ ബി.ജെ.പി യൂണിറ്റിന്റെ പിന്തുണയുണ്ട്. എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല,” ശർമ്മ പറഞ്ഞു.
അസമിലെ ആകെയുള്ള 35 ജില്ലകളിൽ 28 എണ്ണവും വെള്ളപ്പൊക്കത്തിൽ വലയുകയാണ്. 33 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. 117 പേർക്ക് ജീവൻ നഷ്ടമായി. “അസം വെള്ളത്തിൽ മുങ്ങിയപ്പോഴും മഹാരാഷ്ട്രയിൽ നിന്നുള്ള മന്ത്രിമാരെ കൊണ്ടുവന്ന് കുതിരക്കച്ചവടത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്. നിരവധി പേർ കുടുങ്ങുമ്പോഴാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്. മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തണം,” പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.