അബുദാബി: യു.എ.ഇ.യിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിൽ ഉണ്ടായതിന് പിന്നാലെയാണിത്. പ്രാദേശിക സമയം രാവിലെ 7.37 നാണ് ഇറാനിൽ ഭൂചലനം ഉണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു.
യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫർണിച്ചർ കുലുങ്ങിയെന്നും 6-7 സെക്കൻഡോളം ഭൂചലനം അനുഭവപ്പെട്ടതായും പ്രദേശവാസികൾ ട്വിറ്ററിൽ കുറിച്ചു.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 8 കിലോമീറ്റർ ആഴത്തിൽ തെക്കൻ ഇറാനിയൻ മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്സി) അറിയിച്ചു. രണ്ട് ദിവസം മുമ്പ് അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം ഉണ്ടായിരുന്നു.