Spread the love

കല്‍പറ്റ: കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയും മൂന്ന് ജീവനക്കാർക്ക് നേരെയും ഉണ്ടായ ആക്രമണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 19 എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. സംഭവസ്ഥലത്തിന്റെ ചുമതലയുണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണത്തിന് വിധേയമായി സസ്പെൻഡ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. കൽപ്പറ്റ ഡിവൈ.എസ്.പിയുടെ ചുമതല മറ്റൊരു ഉദ്യോഗസ്ഥന് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൽപ്പറ്റയിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയാണ് എസ്എഫ്ഐയുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ വ്യാപക വിമർശനം ഉയരുന്നതിനിടെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എസ്.എഫ്.ഐക്കെതിരെ രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐയുടെ ആക്രമണം ശരിയായ പ്രവണതയല്ലെന്നും സംഭവത്തെ സി.പി.ഐ(എം) തള്ളിക്കളയുന്നുവെന്നും ഇക്കാര്യത്തിൽ പാർട്ടി നടപടിയെടുക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു.

By newsten