ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനുപിന്നില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരാണ് ഗൂഢാലോചന നടത്തിയതെന്ന ആരോപണത്തിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നീതിക്കായി ദാഹിക്കുന്ന നായകൻമാർ വസ്തുതകൾ മനസ്സിലാക്കാതെ എ.സി മുറിയിലിരുന്ന് ഭരണകൂടത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. നാനാവതി-ഷാ കമ്മീഷനു മുന്നിൽ ഗുജറാത്ത് അഡീഷണൽ ഡി.ജി.പിയായിരുന്ന മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥൻ, ആർ.ബി. ശ്രീകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജിയിലെ പല ആരോപണങ്ങളും. നീതിയുടെ സംരക്ഷകരാണെന്ന് അവകാശപ്പെടുന്ന ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട്, രാഹുൽ ശർമ എന്നിവർ പോലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ എത്തിയില്ലെന്ന് ഗുജറാത്ത് സർക്കാർ വാദിച്ചതും ഹർജിയിൽ പറയുന്നു. പിന്നീടാണ് ഇത്തരക്കാർ എ.സി മുറിയിലിരുന്ന് ആരോപണമുന്നയിക്കുന്നതിനെക്കുറിച്ച് കോടതിയുടെ പരാമർശം. വിധിയിൽ 212 ഇടങ്ങളിലാണ് ശ്രീകുമാറിന്റെ പേര് പരാമർശിക്കുന്നത്. കലാപത്തിൽ കൊല്ലപ്പെട്ട ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയാ ജഫ്രിക്കു പുറമേ സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദും ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ തീസ്തയുടെ ഇടപെടലിനെ ഗുജറാത്ത് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സാക്കിയയുടെ പ്രയാസങ്ങളെ തീസ്ത ചൂഷണംചെയ്യുകയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ഗുജറാത്തിനെ അപമാനിക്കാന്‍ തീസ്ത സെതല്‍വാദ് ഗൂഢാലോചന നടത്തിവരുകയാണ് എന്നാണ് വാദം.