ലോകത്തെ കണ്ണീരണിയിച്ച ആൻ ഫ്രാങ്കിന്റെ, ‘ഒരു പെൺകുട്ടിയുടെ ഡയറി’ പുറത്ത് വന്നിട്ട് ഇന്ന് 75 വർഷം തികയുന്നു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഓട്ടോ ഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി 1929 ജൂൺ 12നാണ് ആൻ ഫ്രാങ്ക് ജനിച്ചത്. നാസികളുടെ ക്രൂരതകൾക്ക് ഇരയായ പുറം ലോകം അറിഞ്ഞ ജൂത കുടുംബങ്ങളിൽ ഒന്നായിരുന്നു ആൻ ഫ്രാങ്കിന്‍റേത്. പതിമൂന്നാം ജന്മദിനത്തിൽ ആനിന് ഒരു ഡയറി സമ്മാനമായി ലഭിച്ചു. അവൾ തന്റെ ഡയറിയ്ക്ക് കിറ്റി എന്ന പേര് നൽകി. ആ ഡയറിയിലാണ് ആൻ പിന്നീട് തന്റെ ജീവിതം രേഖപ്പെടുത്തിയത്. ആനിന്റെ മരണശേഷം 1947 ൽ ‘ഒരു പെൺകുട്ടിയുടെ ഡയറി’ എന്ന പേരിൽ ആ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചതോടെയാണ് ആൻ ഫ്രാങ്കിനെ ലോകം അറിയാൻ തുടങ്ങിയത്. 1942 നും 1944 നും ഇടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്തെ തന്‍റെ ജീവിതത്തെക്കുറിച്ചാണ് ആൻ ഡയറിയിൽ കുറിച്ചത്. വെറും ഒരു കൗമാരക്കാരിയുടെ കുറിപ്പുകളായിരുന്നില്ല അത്. ഒളിത്താവളങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന ഒരു വംശത്തിന്റെ തന്നെ വേദനയായിരുന്നു ആ ഡയറിക്കുറിപ്പുകളിലൂടെ പുറം ലോകം അറിഞ്ഞത്. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായി ഇപ്പോഴും തുടരുന്നു. കൂടാതെ ഈ കുറിപ്പുകൾ 70 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. 1945 ഫെബ്രുവരിയിൽ ബെർഗൻ-ബെൽസൺ തടങ്കൽപ്പാളയത്തിൽ വച്ച് ആൻ ഫ്രാങ്ക് മരണത്തിന് കീഴടങ്ങി. ടൈഫസ്, ക്ഷീണം, പോഷകാഹാരക്കുറവ് എന്നിവ മൂലമാണ് ആൻ ഫ്രാങ്ക് മരിച്ചത്.