Spread the love

വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായതുകൊണ്ടാണ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം പോലും ലഭിച്ചത്. നുണ പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്തത് സി.പി.ഐ(എം) ആണ്. മുഖ്യമന്ത്രി നേരിടുന്ന അപമാനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കലാപത്തിന് ആഹ്വാനം ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്ന് വി ഡി സതീശൻ ആരോപിച്ചു.

സിപിഐഎമ്മുകാരെ പ്രകോപിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം നൽകി. കേരളത്തിൽ ഇതിന്റെ പേരിലുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം കലാപത്തിനുള്ള ഈ ആഹ്വാനമാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഈ നീക്കത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട്. ഇതിന്റെ ഭാഗമായാണ് ഇ പി ജയരാജൻ പ്രസ്താവന മാറ്റിയത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യ പ്രസംഗത്തിൽ ഉറച്ചുനിന്നില്ല.

പാർട്ടിയുടെ തലപ്പത്ത് ഗുണ്ടകൾ ആണോ? കൊല്ലുമെന്നും ആക്രമിക്കുമെന്നും അവർ ഭീഷണിപ്പെടുത്തുകയാണെന്നും സതീശൻ പറഞ്ഞു. ഞങ്ങളുടെ കുട്ടികൾ പറഞ്ഞത് പ്രതിഷേധം പ്രതിഷേധം എന്ന് മാത്രമാണ്. യുവാക്കൾ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വി ഡി സതീശൻ പറഞ്ഞു.

By newsten