Spread the love

രാജ്യത്തിന് ആദ്യ ആദിവാസി വനിതാ അധ്യക്ഷയെ ലഭിക്കുമെന്നും ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാനുള്ള എൻഡിഎയുടെ തീരുമാനം അഭിനന്ദനാർഹമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമുള്ള ഒരു സർക്കാർ സാധ്യമാകും. ഇതാണ് പ്രധാനമന്ത്രി ഏറെക്കാലമായി പറയുന്നതെന്നും ഗവർണർ പറഞ്ഞു. അതേസമയം, ദ്രൗപദി മുർമു ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഡൽഹിയിലെത്തിയ ദ്രൗപദി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വെങ്കയ്യ നായിഡു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകൾ ബിജെപി രാഷ്ട്രപതി സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെയാണ് വനിതയും ആദിവാസി വിഭാ​ഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൗപദി മുർമുവിലേക്ക് ബി.ജെ.പി എത്തിയത്. ഒഡീഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപദി മുർമു. ബി.ജെ.പിയിലൂടെയാണ് അവർ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ദ്രൗപദി ഒരു കൗൺസിലറായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

താഴേത്തട്ടിലെ പ്രശ്നങ്ങളെ കുറിച്ചും രാജ്യത്തിന്റെ വികസനത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണ് മുർമു എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. നിതീഷ് കുമാറിന്റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും പിന്തുണ പ്രഖ്യാപിച്ചതോടെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു അനായാസ വിജയം ഉറപ്പാക്കിക്കഴിഞ്ഞു.

By newsten