ന്യൂഡൽഹി : ഡൽഹിയിൽ ഈ മാസം 27ന് കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിവുപോലെ മഴ എത്തുമെന്നും വൈകില്ലെന്നും അധികൃതർ അറിയിച്ചു. 30 ദിവസം വൈകി മാത്രമേ മൺസൂൺ നഗരത്തിൽ എത്തുകയുള്ളൂവെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമാറ്റ് പ്രവചിച്ചിരുന്നു. ഇത്തവണ ശക്തമായ മൺസൂൺ ഉണ്ടാകുമെന്നും മഴക്കുറവ് നികത്തുമെന്നും ഇപ്പോൾ പ്രവചിക്കുന്നു.
മഴക്കാലത്തിനു മുമ്പുള്ള മഴയുള്ള ദിവസങ്ങളാൽ അനുഗ്രഹീതമാണ് ഇപ്പോൾ ഡൽഹി. കടുത്ത ചൂട് കുറഞ്ഞു. ഇന്നലെ 32 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിൽ ഞായറാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 30.7 ഡിഗ്രി സെൽഷ്യസാണ്. 2013 ജൂണിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഈ മാസം ഇതുവരെ 23.8 മില്ലിമീറ്റർ മഴ ലഭിച്ചു. ജൂണിലെ ശരാശരി താപനില 36.3 ഡിഗ്രി സെൽഷ്യസായിരുന്നു.
ബംഗാൾ, ഒഡീഷ തീരങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നുണ്ടെന്നും ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാറ്റിന്റെ വേഗതയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 23 മുതൽ 29 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ആർകെ ജനമണി പറഞ്ഞു.