അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. താൻ എന്നും ഗോത്ര വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങൾക്കൊപ്പമാണെന്ന് ജഗൻ മോഹൻ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ പറഞ്ഞു.
മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ദ്രൗപദി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ഹാജരാകാൻ കഴിയില്ല, രാജ്യസഭാംഗവും പാർലമെന്ററി പാർട്ടി നേതാവുമായ വിജയ്സായ് റെഡ്ഡി, ലോക്സഭാംഗം മിഥുൻ റെഡ്ഡി എന്നിവർ പങ്കെടുക്കും.
അതേസമയം ഇന്നലെ ഡൽഹിയിലെത്തിയ ദ്രൗപതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരും സന്നിഹിതരായിരുന്നു. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ് നടക്കുക.