ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐക്ലൗഡ് സെർവറിൽ സുരക്ഷാവീഴ്ച കണ്ടെത്തിയിരിക്കുകയാണ് ആലപ്പുഴ സ്വദേശി അനന്തകൃഷ്ണൻ. ഐക്ലൗഡ് ഇമെയിലിൽ ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ചയുണ്ടെന്നു കണ്ടെത്തി ആപ്പിളിന്റെ എൻജിനീയർമാരെ അറിയിക്കുകയായിരുന്നു അനന്തകൃഷ്ണൻ. ഇതോടെ ആലപ്പുഴ മങ്കൊമ്പ് സ്വദേശി കെ.എസ് അനന്തകൃഷ്ണനെ ആപ്പിളിൻ്റെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. ജനുവരിയിലാണ് സുരക്ഷാവീഴ്ച ശ്രദ്ധയിൽ പെട്ടത്. ആപ്പിൾ ഡെവലപ്പർമാർ സുരക്ഷാ ലംഘനം പരിഹരിച്ചെങ്കിലും എല്ലാ അക്കൗണ്ടുകൾക്കും ഇത് ബാധകമല്ലെന്നും അനന്തകൃഷ്ണൻ കണ്ടെത്തി. ഇത് ആപ്പിളിന്റെ എഞ്ചിനീയർമാരെ അറിയിക്കുകയും പ്രശ്നം ഉടനടി പരിഹരിക്കുകയും ചെയ്തു.
പത്തനംതിട്ട മൗണ്ട് സിയോൺ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അനന്തകൃഷ്ണൻ. സുഹൃത്തുക്കൾക്കൊപ്പം സൈബർ സുരക്ഷാ രംഗത്ത് ഒരു സ്റ്റാർട്ടപ്പും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഹാക്കർമാരുടെ സംഘടനയായ ഡെഫ്കോൺ ട്രിവാൻഡ്രം, കേരള പൊലീസ് സൈബർഡോം എന്നിവയിലും അനന്തകൃഷ്ണൻ അംഗമാണ്. പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകൾക്ക് മാത്രമേ സുരക്ഷയുള്ളൂ എന്ന കണ്ടെത്തലും അനന്തകൃഷ്ണൻ ആപ്പിളുമായി പങ്കുവച്ചിരുന്നു.
ഇത് മാത്രമല്ല, സുരക്ഷാവീഴ്ചയുടെ പേരിൽ ഗൂഗിൾ, ഫെയ്സ്ബുക്ക്, ഗിറ്റ് ഹബ് എന്നിവ അനന്തകൃഷ്ണനെ നേരത്തെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരുന്നു. ഹാൾ ഓഫ് ഫെയിം 3 മാസത്തിലൊരിക്കലാണ് പ്രസിദ്ധീകരിക്കുന്നത്.