ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ ധനികനായ ഗൗതം അദാനി തന്റെ 60-ാം ജൻമദിനത്തോടനുബന്ധിച്ച് സാമൂഹിക ആവശ്യങ്ങൾക്കായി 60,000 കോടി രൂപ സംഭാവന ചെയ്യുന്നു. അദാനി ഫൗണ്ടേഷൻ ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി സംഭാവന നൽകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച 60 വയസ്സ് തികയുന്ന അദാനി തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുകയാണ്. ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവനയായിരിക്കും ഇത്. 60,000 കോടി രൂപ അഥവാ 7.7 ബില്യൺ ഡോളറാണ് അദാനി നൽകുന്നത്. മാർക്ക് സക്കർബർഗ്, വാറൻ ബഫറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരൻമാരുടെ പാത പിന്തുടർന്ന് അദാനി ഇത്രയും വലിയ തുക സാമൂഹിക ആവശ്യങ്ങൾക്കായി സംഭാവന ചെയ്യുന്നു. ഏകദേശം 92 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി ഈ വർഷം തന്റെ സമ്പത്തിൽ 15 ബില്യൺ ഡോളർ കൂടി ചേർത്തു.
1988-ൽ ഒരു ചെറിയ അഗ്രി-ട്രേഡിംഗ് സ്ഥാപനവുമായി ആരംഭിച്ച അദാനി ഗ്രൂപ്പ് ഇപ്പോൾ കൽക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്സ്, വൈദ്യുതി ഉൽപ്പാദനം, വിതരണം എന്നിവയിലും അടുത്തിടെ ഹരിത ഊർജം, വിമാനത്താവള നിർമ്മാണം, ഡാറ്റാ സെന്ററുകൾ, സിമന്റ് എന്നീ മേഖലകളിലേക്കെല്ലാം കടന്ന് വലിയൊരു സാമ്രാജ്യമായി മാറുകയാണ്.