ചെന്നൈ: തമിഴ്നാട്ടിൽ സ്ഥാപിച്ച 600 ഓളം മൊബൈൽ ഫോൺ ടവറുകൾ കാണാതായതായി റിപ്പോർട്ടുകൾ. മുംബൈ ആസ്ഥാനമായുള്ള ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മൊബൈൽ ഫോൺ ടവറുകളാണ് കാണാതായത്. പ്രവർത്തനരഹിതമായിരുന്ന ടവറുകൾ മോഷ്ടാക്കൾ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ ടവറുകൾ ഇൻസ്റ്റാൾ ചെയ്യാനും പരിപാലിക്കുകയും ചെയ്തിരുന്ന ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ തമിഴ്നാട്ടിൽ മാത്രം 6,000 ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. കമ്പനിക്ക് ചെന്നൈയിൽ ഒരു റീജിയണൽ ഓഫീസും ഉണ്ടായിരുന്നു. 2018 ൽ, വലിയ നഷ്ടം കാരണം കമ്പനി സേവനം നിർത്തിവെച്ചു. ഇതോടെ ടവറുകളുടെ പ്രവർത്തനവും നിലച്ചു.
അവ പ്രവർത്തനരഹിതമായിരുന്നെങ്കിലും, നേരത്തെ സ്ഥാപിച്ച എല്ലാ ടവറുകളും കമ്പനി നിരീക്ഷിച്ചു. എന്നാൽ കൊവിഡ് ലോക്ക്ഡൗൺ കാരണം ഇത് നിർത്തിവയ്ക്കുകയായിരുന്നു. അടുത്തിടെ, ഈറോഡിലെ മൊബൈൽ ഫോൺ ടവർ വീണ്ടും പരിശോധിക്കാൻ എത്തിയപ്പോൾ, ടവർ അപ്രത്യക്ഷമായതായി അവർ ശ്രദ്ധിച്ചു. ഇതേതുടർന്ന് കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.