മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് സൂചന. 12.30ന് വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരുടെ യോഗം ഉദ്ധവ് വിളിച്ചിട്ടുണ്ടായിരുന്നു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ പാർട്ടി പിടിച്ചെടുക്കാനുള്ള നീക്കം ആരംഭിച്ചപ്പോൾ അദ്ദേഹത്തിന്റെ രാജിയുടെ മുന്നോടിയായാണ് കൂടിക്കാഴ്ചയെന്ന് കരുതപ്പെടുന്നു. 38 ശിവസേന എംഎൽഎമാർ ഉൾപ്പെടെ 42 എംഎൽഎമാരാണ് ഗുവാഹത്തിയിലെ ഷിൻഡെ ക്യാമ്പിലുള്ളത്. എംഎൽഎമാർക്ക് പുറമെ അഞ്ച് ശിവസേന എം.പിമാരും ഷിൻഡെ ക്യാമ്പിലുണ്ട്.
അതേസമയം ശിവസേനയുടെ ചിഹ്നം നേടി പാർട്ടിയുടെ ഔദ്യോഗിക പക്ഷത്താകാനുള്ള തയ്യാറെടുപ്പിലാണ് വിമതർ. ശിവസേന എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗവും തങ്ങളോടൊപ്പമുണ്ടെന്നും ചിഹ്നം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിമതർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
ഗുവാഹത്തിയിലെ ഹോട്ടലിലാണ് നാടകീയ നീക്കങ്ങൾ നടക്കുന്നത്. അസം മന്ത്രി അശോക് സിംഗാൾ എംഎൽഎമാരുമായി ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം, ഈ സമയത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിന് മുന്നിൽ വൻ പ്രതിഷേധം നടത്തി. പ്രളയത്തിന്റെ ആഘാതത്തിൽ അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നട്ടംതിരിയുന്ന സമയത്താണ് ബിജെപി കുതിരക്കച്ചവടം നടത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കനത്ത സുരക്ഷയുള്ള ഹോട്ടൽ പരിസരത്ത് എത്തിയ ഉടൻ തന്നെ സ്ത്രീകൾ ഉൾപ്പെടെയുള്ള തൃണമൂൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.