കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിൽ സ്വർണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
തന്നെയും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്ന സുരേഷിനും പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിനുമെതിരെ കേസെടുത്തത്.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരായ രഹസ്യമൊഴിയിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് തന്നെ സമീപിച്ചെന്ന് ആരോപിച്ച ഷാജ് കിരണിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്.