Spread the love

മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ഏക്നാഥ് ഷിൻഡെയുടെ വിമത വിഭാഗത്തിൻ്റെ നീക്കങ്ങൾക്ക് എതിർ തന്ത്രങ്ങളുമായി മഹാവികാസ് അഘാഡി നേതൃത്വം സജീവമാണ്. പ്രശ്നം പരിഹരിക്കാൻ ശരദ് പവാറും രംഗത്തെത്തിയിട്ടുണ്ട്. നാല് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാമ്പിൽ ചേർന്നു. തൻ്റെ അനുയായികളെ ഉപയോഗിച്ച് വിമതരെ നേരിടാനുള്ള നീക്കമാണ് ഉദ്ധവ് താക്കറെ നടത്തുന്നത്.

രാജി സന്നദ്ധത അറിയിച്ച് ഔദ്യോഗിക വസതിയായ വർഷ ബംഗ്ലാവിൽ നിന്ന് കുടുംബവീടായ മാതോശ്രീയിലേക്ക് മാറിയ താക്കറെയെ നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് റോഡിൽ അനുഗമിച്ചത്. താക്കറെയുടെ രണ്ട് വസതികളും അണികളുടെ വൈകാരിക പ്രകടനങ്ങൾക്ക് വേദിയായി.

ആരായിരിക്കും സേനയുടെ തലവൻ എന്നതിനെക്കുറിച്ച് വിമത വിഭാഗത്തിന് വ്യക്തമായ സന്ദേശം നൽകാൻ താക്കറെ ഈ അവസരം ഉപയോഗിച്ചു. വിമത ക്യാമ്പിൽ ചേരാനായി നാല് എംഎൽഎമാർ കൂടി ഗുവാഹത്തിയിലെത്തിയതായാണ് റിപ്പോർട്ട്. ആഭ്യന്തര വിഷയം മാത്രമാണെന്ന ശിവസേനയുടെ നിലപാടിൽ നിന്ന് അകലം പാലിച്ച ശരദ് പവാർ പ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയതോടെയാണ് അഘാഡി വിഭാഗവും സജീവമായത്. വിമത പക്ഷത്തുള്ള 17 എംഎൽഎമാരുമായി ഔദ്യോഗിക നേതൃത്വം ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.

By newsten