കാലടി: ഭരണപരിഷ്കാര നടപടികളുടെ ഭാഗമായി കാലടി സംസ്കൃത സർവകലാശാലയിലെ ഗസ്റ്റ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ജോലി നഷ്ടപ്പെട്ട താൽക്കാലിക അധ്യാപകർ സർവകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ്. ഗവേഷക വിദ്യാർത്ഥികളെ ടീച്ചിംഗ് അസിസ്റ്റൻറുമാരായി നിയമിക്കാനാണ് നീക്കം.
സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് താൽക്കാലിക അധ്യാപകരുടെ എണ്ണം കുറച്ചത്. പകരം, ഗവേഷണ വിദ്യാർത്ഥികളെ അധ്യാപനത്തിനും മൂല്യനിര്‍ണയത്തിനും നിയോഗിക്കാൻ തീരുമാനിച്ചു. നിലവിൽ സംസ്കൃത സർവകലാശാലയിൽ സ്ഥിരം അധ്യാപക തസ്തികകളുടെ കുറവുണ്ട്. താൽക്കാലിക അധ്യാപകരുടെ സേവനം ഉപയോഗിച്ചാണ് ജോലി.
240 ഗസ്റ്റ് അധ്യാപകരാണ് ഇവിടെയുള്ളത്. ഇവരെ കൂട്ടത്തോടെ പിരിച്ചുവിടാനാണ് നീക്കം. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി നിയമനത്തിനായി കാത്തിരിക്കുന്നവർക്ക് സർവകലാശാലകളിലെ താൽക്കാലിക നിയമനങ്ങൾ മാത്രമാണ് ഏക ആശ്രയം. അധ്യാപനത്തിനായി ഗവേഷണ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് സ്വതന്ത്ര ഗവേഷണത്തെയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുമെന്ന് ആരോപണമുണ്ട്.