തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയായി. ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടുനിന്നു. നാളെ വീണ്ടും ഹാജരാകാൻ സ്വപ്നയോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്തത്. കോടതിയിൽ നൽകിയ 164 മൊഴിയുടെ പകർപ്പ് ലഭിച്ചതിനെ തുടർന്നാണ് ഇഡിയുടെ നടപടി. മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.
രാവിലെ 11 മണിയോടെയാണ് സ്വപ്ന സുരേഷ് ഇഡിക്ക് മുന്നിൽ ഹാജരായത്. അഭിഭാഷകനെ കണ്ട ശേഷമാണ് സ്വപ്ന ഇ.ഡി ഓഫീസിലെത്തിയത്. സ്വപ്ന കോടതിയിൽ നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിക്കും കുടുംബത്തിനും മുൻ മന്ത്രി കെടി ജലീലിനും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമെതിരായ ഗുരുതര ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. തന്റെ പക്കലുള്ള തെളിവുകൾ ഇ.ഡിക്ക് കൈമാറുമെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ച സ്വപ്ന ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് ചോദ്യം ചെയ്യൽ ഇന്ന് നേരത്തെ പൂർത്തിയാക്കിയതെന്ന് സ്വപ്ന പറഞ്ഞു. അതേസമയം, സ്വർണക്കടത്ത് കേസിൽ സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ഇ.ഡിക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചിരുന്നു.