മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അദ്ദേഹം ഉടൻ തന്നെ ഔദ്യോഗിക വസതിയിൽ നിന്ന് മാറും. തനിക്ക് അധികാരത്തോട് അത്യാഗ്രഹമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. കോവിഡ് ബാധിച്ചതിനാൽ താക്കറെ ഫേസ്ബുക്ക് ലൈവിലൂടെയാണ് രാജി സന്നദ്ധത അറിയിച്ചത്.
വിമത എം.എൽ.എമാർക്ക് വൈകിട്ട് 5 മണിക്ക് മുമ്പ് മടങ്ങണമെന്ന അന്ത്യശാസനം നൽകിയിരുന്നു. ഇല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഇന്ന് ഉച്ചയ്ക്ക് ചേർന്ന യോഗത്തിൽ ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ എംഎൽഎമാർ തിരിച്ചെത്താത്ത സാഹചര്യത്തിൽ മഹാവികാസ് അഘാഡി സഖ്യത്തിന്‍റെ നിലനില്‍പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഭരണകക്ഷിയിലെ 34 എംഎൽഎമാർ ഉൾപ്പെടെ 46 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡെ അവകാശപ്പെട്ടു. യഥാർത്ഥ ശിവസേന തൻറേതാണെന്ന് അവകാശപ്പെട്ട ഏക്നാഥ് ഷിൻഡെ നിലവിലെ ചീഫ് വിപ്പ് സുനിൽ പ്രഭുവിന് പകരം ഭാരത് ഗോഗവാലയെ ചീഫ് വിപ്പായി നിയമിക്കുകയായിരുന്നു. ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത യോഗം നിയമപരമല്ലെന്നും ഏക്നാഥ് ഷിൻഡെ ആരോപിച്ചു. ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് എട്ട് മന്ത്രിമാർ വിട്ടുനിന്നു.