തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർമ്മിച്ചെന്ന എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി. നിയമനടപടികളുടെ ഭാഗമായി ഹൈക്കോടതി അഭിഭാഷകൻ അനൂപ് വി നായർ പ്രതിപക്ഷ നേതാവിന് വേണ്ടി ഹാജരായി. ഇവർ ഇ പി ജയരാജന് നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം ഇ പി ജയരാജൻ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവിന് വേണ്ടി അയച്ച നോട്ടീസിൽ അദ്ദേഹം അതിന് തയ്യാറല്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.