Spread the love

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ വ്യാഴാഴ്ച ഹാജരാകില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കി സോണിയാ ഗാന്ധി ഇഡിക്ക് കത്തയച്ചു. കോൺഗ്രസ്‌ വക്താവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. സോണിയാ ഗാന്ധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ചോദ്യം ചെയ്യൽ ഏതാനും ആഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ഇഡിക്ക് കത്ത് നൽകിയിട്ടുണ്ട്. സോണിയാ ഗാന്ധി സുഖം പ്രാപിക്കുന്നത് വരെ ഇളവ് നൽകണമെന്നാണ് കത്തിൽ കോൺഗ്രസ്‌ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കോവിഡ്-19 ബാധിതയായിരുന്ന സോണിയ ഗാന്ധിയെ കോവിഡാനന്തര സങ്കീർണതകളെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സോണിയ ഗാന്ധി ആശുപത്രി വിട്ടത്.

By newsten