മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച ശിവസേന വിമത നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെ അനുകൂലിക്കുന്ന എംഎല്‍എമാരുമായി ഗുജറാത്തിൽ നിന്ന് അസമിലേക്ക് മാറി. ഗുജറാത്തിലെ സൂറത്തിൽ തമ്പടിച്ചിരുന്ന വിമതർ ചൊവ്വാഴ്ച രാത്രി വൈകിയാണ് ഗുവാഹത്തിയിലേക്കുള്ള വിമാനത്തിൽ കയറിയത്. ഗുവാഹത്തി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഇവരെ കൊണ്ടുപോകാൻ പ്രത്യേക ബസുകൾ സ്റ്റാൻഡ് ബൈയിൽ ഉണ്ടായിരുന്നു. ശിവസേനയുടെ 34 എംഎൽഎമാരും ഏഴ് സ്വതന്ത്രരും ഉൾപ്പെടെ 40 എംഎൽഎമാർ ഷിൻഡെയ്ക്കൊപ്പം ഗുവാഹത്തിയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. വിമത എംഎൽഎമാർ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബാലാസാഹേബ് താക്കറെയുടെ ഹിന്ദുത്വമാണ് തങ്ങൾ പിന്തുടരുന്നതെന്നും അത് തുടരുമെന്നും സൂറത്ത് വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഷിൻഡെ പറഞ്ഞു. “ഞങ്ങൾ ബാലാസാഹേബ് താക്കറെയുടെ ശിവസേനയെ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉച്ചയ്ക്ക് ഒരു മണിക്ക് മഹാരാഷ്ട്ര മന്ത്രിസഭാ യോഗം ചേരും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം എടുത്തേക്കും.