പാട്‌ന: നിരവധി പേരുകൾ പരിഗണിച്ച ശേഷമാണ് ദ്രൗപദി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായത്. ഇരുപതോളം പേരുകളാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിച്ചത്. എന്നാൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചതോടെ ദ്രൗപദി മുർമുവിന്റെ പേര് രാത്രി തന്നെ ബിജെപി അന്തിമമാക്കി.
64 കാരിയായ ദ്രൗപദി മുർമു ആദിവാസി വനിതാ നേതാവാണ്. 1958 ജൂൺ 20 നു ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിലാണ് ദ്രൗപദി മുർമു ജനിച്ചത്. ബിരാഞ്ചി നാരായൺ ടുഡു എന്നാണ് അച്ഛന്റെ പേർ. ഗോത്രവര്‍ഗ സമൂഹമായ സന്താൽ കുടുംബത്തിലെ അംഗമാണ് ദ്രൗപദി മുർമു.
ശ്യാം ചരൺ മുർമു ആണ് ദ്രൗപദി മുർമുവിന്റെ ഭർത്താവ്. ഇരുവർക്കും രണ്ട് ആൺമക്കളും ഒരു മകളുമുണ്ടായിരുന്നു. ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളേജിലെ ബിരുദധാരിയാണ് അധ്യാപികയായിരുന്ന ദ്രൗപദി മുർമു. കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1997-ൽ ഒഡീഷയിലെ റൈരംഗ്പൂരില്‍ വൈസ് ചെയർപേഴ്സണായി.