കൊച്ചി: പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിൻ്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായതോടെ ആലുവ-പത്തടിപ്പാലം റൂട്ടിൽ ഇന്ന് മുതൽ സാധാരണ പോലെ മെട്രോ സർവീസ് പുനരാരംഭിച്ചു. ഇന്ന് മുതൽ ഏഴര മിനിറ്റ് ഇടവിട്ട് ഈ റൂട്ടിൽ ട്രെയിനുകൾ ഓടും.
നേരത്തെ ആലുവയ്ക്കും പത്തടി പാലത്തിനുമിടയിൽ 20 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകൾ ഓടിയത്. ആലുവ-പേട്ട റൂട്ടിൽ തിങ്കൾ മുതൽ ശനി വരെ തിരക്കേറിയ സമയങ്ങളിൽ ഏഴര മിനിറ്റും മറ്റ് സമയങ്ങളിൽ എട്ടര മിനിറ്റും ഇടവിട്ട് ട്രെയിൻ സർവീസ് ഉണ്ടാകും. കുസാറ്റ് മുതൽ പത്തടിപ്പാലം വരെയുള്ള വേഗനിയന്ത്രണം ഘട്ടംഘട്ടമായി നീക്കും.
നാല് അധിക പൈലുകൾ സ്ഥാപിച്ച് പൈൽ ക്യാപ്പ് വഴി തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ അടിത്തറ ശക്തിപ്പെടുത്തിയത്. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിങ് നടത്തി ട്രെയിന്‍ യാത്രാ പരിശോധനയും വേഗ പരിശോധനയും നടത്തിയശേഷമാണ് ഈ ഭാഗത്തെ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്.