ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിലൂടെ യുവാക്കളെ ഭാവിയിലേക്ക് ഒരുക്കുകയാണ് ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി. അഗ്നിപഥ് പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സാങ്കേതിക പരിജ്ഞാനം നൽകുക, സൈന്യത്തിൽ ചേരാൻ ആളുകളെ ആകർഷിക്കുക, ഭാവിയിലേക്ക് വ്യക്തികളെ സജ്ജരാക്കുക എന്നിവയാണ് അഗ്നിപഥ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ജനറൽ അനിൽ പുരി പറഞ്ഞു.
അഗ്നിപഥ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ തീവെപ്പുകളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കണം. റിക്രൂട്ട്മെന്റിൽ മാറ്റമുണ്ടാകില്ലെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന സൈനികരെ അഗ്നിവീർ പദ്ധതിയിലേക്ക് മാറ്റുമെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.