മുംബൈ: മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 20 ശിവസേന എംഎൽഎമാർ ഗുജറാത്തിലേക്ക് കടന്നതോടെ മഹാരാഷ്ട്രയിലെ സഖ്യസർക്കാർ പ്രതിസന്ധിയിലാണ്. ഷിൻഡെ ഗുജറാത്തിലേക്ക് മാറിയതിന് പിന്നാലെ ശിവസേന അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കി. സേവ്രിയില്‍ നിന്നുള്ള എംഎൽഎ അജയ് ചൗധരിയാണ് പുതിയ ചീഫ് വിപ്പ്.
ഇന്നലെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ 10 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെയാണ് ഷിൻഡെയെയും അദ്ദേഹത്തിന്റെ എംഎൽഎമാരെയും കാണാതായത്. ശിവസേനയുടെ മുഖമാണ് ഏക്നാഥ് ഷിൻഡെ. പൊതുമരാമത്ത്, നഗരവികസന വകുപ്പ് മന്ത്രിയാണ്. പാർട്ടിയിലും മന്ത്രിസഭയിലും തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഷിൻഡെ വളരെക്കാലമായി പരാതിപ്പെട്ടിരുന്നു.
അഭ്യൂഹങ്ങൾക്കിടെ, താൻ ഒരു ശിവസൈനികനായി തുടരുമെന്ന് ഷിൻഡെ ട്വിറ്ററിലൂടെ അറിയിച്ചു. ഷിൻഡെയുടെ പത്രസമ്മേളനവും ഉടൻ ഉണ്ടായേക്കും. അതേസമയം, എംഎൽഎമാരുമായി താൻ സമ്പർക്കം പുലർത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർക്കാരിന് പ്രതിസന്ധിയില്ലെന്നും മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.